തുടരെ തോല്‍വി, ലീഗുമില്ല ചാമ്പ്യന്‍സ് ലീഗുമില്ല; മനംമടുത്തു ബഫണ്‍ യുവന്റസ് വിടുന്നു
ഇറ്റാലിയന്‍ ഫുട്‌ബോളില്‍ നിലവിലെ ഏറ്റവും മുതിര്‍ന്ന താരം ഗ്യാന്‍ ല്യുയിജി ബഫണ്‍ ഇറ്റലി വിടുന്നു. രാജ്യാന്തര ഫുട്‌ബോളില്‍ നിന്നു വിരമിച്ച ഈ 43-കാരന്‍ ഇറ്റാലിയന്‍ സീരി എ ടീം യുവന്റസിന്റെ തുടര്‍തോല്‍വികളില്‍ മനംമടുത്താണ് സീരി എയില്‍ നിന്നു പിന്മാറുന്നത്.
ഈ സീസണ്‍ അവസാനിക്കുന്നതോടെ യുവന്റസില്‍ നിന്ന് വിടുമെന്നും ഇറ്റാലിയന്‍ ലീഗിലേക്ക് ഇനിാെയരു തിരിച്ചുവരവുണ്ടാകില്ലെന്നും ബഫണ്‍ പറഞ്ഞു. ”നീണ്ട യാത്രയ്ക്ക് അവസാനമാകുന്നു” എന്നാണ് ബഫണ്‍ ക്ലബ് വിടുന്നതിനേക്കുറിച്ച് പറഞ്ഞത്.
നീണ്ട 17 വര്‍ഷക്കാലം യുവന്റസിന്റെ വിശ്വസ്ത ഗോള്‍കീപ്പറായിരുന്നു ബഫണ്‍. തന്റെ 23-ാം വയസില്‍ 2001-ലാണ് യുവന്റസില്‍ എത്തുന്നത്. തുടര്‍ന്ന് 2018 വരെ യുവന്റസില്‍ തുടര്‍ന്ന ബഫണ്‍ അവര്‍ക്കായി 509 മത്സരങ്ങളില്‍ ഗ്ലൗസണിഞ്ഞു. അവര്‍ക്കൊപ്പം ഒമ്പത് സീരി എ കിരീടങ്ങളും നാല് കോപ്പാ ഇറ്റാലിയയും ആറു സൂപ്പര്‍ കോപ്പയും നേടിയിട്ടുണ്ട്.
തുടര്‍ന്ന് 2018-ല്‍ ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലേക്കു കൂടുമാറിയ ബഫണ്‍ ഒരു സീസണിനു ശേഷം വീണ്ടും യുവന്റസിലേക്കു മടങ്ങിവരികയായിരുന്നു. തുടര്‍ന്ന് രണ്ടു സീസണുകളിലായി 16 മത്സരങ്ങളില്‍ ബഫണ്‍ യുവന്റസിന്റെ ഗോള്‍വലയം കാത്തു.
ഇറ്റാലിയന്‍ ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരവും ബഫണാണ്. ഇറ്റലി ജഴ്‌സിയില്‍ 2006 ലോകകപ്പ് കിരീടവും നേടിയിട്ടുണ്ട്. ഈ സീസണില്‍ യുവന്റസിന്റെ മോശം പ്രകടനമാണ് ഇറ്റാലിയന്‍ ലീഗില്‍ നിന്നു പിന്മാറാന്‍ ബഫണെ പ്രേരിപ്പിച്ചത്.
10 വര്‍ഷങ്ങള്‍ക്കു ശേഷം ലീഗ് കിരീടം നഷ്ടമായ അവര്‍ ഇക്കുറി അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട് ചാമ്പ്യന്‍സ് ലീഗ് യോഗ്യത തുലാസിലായിരിക്കുകയാണ്. ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ ആദ്യമേ അസ്തമിച്ച യുവന്റസിന് കോപ്പ ഇറ്റാലിയ കിരീടവും നഷ്ടമായിരുന്നു.
ഇറ്റാലിയന്‍ ലീഗില്‍ നിന്നു പിന്മാറുന്നുവെങ്കിലും ഫുട്‌ബോളില്‍ നിന്നു വിരമിക്കുന്നത് സംബന്ധിച്ച് ബഫണ്‍ വ്യക്തമാക്കിയില്ല. അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ ഡേവിഡ് ബെക്കാമിന്റെ ടീമിനൊപ്പം ബഫണ്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments
Post a Comment