ഇൻഡ്യയിലെ അധീശ സാഹിത്യങ്ങൾ, കീഴാള-ദലിത് അനുഭവങ്ങളെയും ഇടങ്ങളെയും അറപ്പുളവാക്കുന്നതായാണ് വിഭാവന ചെയ്യുന്നത്.
ഇൻഡ്യയിലെ സാമൂഹികശാസ്ത്ര പഠനങ്ങളിൽ, വ്യത്യസ്ത സാമൂഹിക വിഭാഗങ്ങൾ അനുഭവ ലോകങ്ങളെയും സിദ്ധാന്തങ്ങളെയും തമ്മിൽ യോജിപ്പിക്കാൻ ശ്രമിക്കുന്നതിന്റെ വിഭിന്ന രീതികൾ ‘ദ് ക്രാക്ഡ് മിറർ: ആൻ ഇൻഡ്യൻ ഡിബേറ്റ് ഓൺ എക്സ്പീരിയന്‍സ് ആന്‍ഡ് തിയറി’ എന്ന പുസ്തകത്തില്‍ രാഷ്ട്രീയ ചിന്തകനായ ഗോപാല്‍ ഗുരുവും തത്വചിന്തകനായ സുന്ദർ സരൂക്കെയും വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്. പ്രധാനമായും ദലിത്-ബഹുജൻ അനുഭവ ലോകങ്ങളെ ഇൻഡ്യൻ അക്കാദമികളിലെ വരേണ്യ സമൂഹം പ്രയോഗിക്കുന്നതിന്റെ നീതിരാഹിത്യവും, കീഴാള-ദലിത് മണ്ഡലത്തില്‍ നിന്നുയരുന്ന സിദ്ധാന്തവത്കരണത്തെ അവര്‍ തന്നെ വിമര്‍ശിക്കുന്നതിനെ കുറിച്ചുമാണ് ചര്‍ച്ചചെയ്യുന്നത്. ഈ വ്യവഹാരങ്ങള്‍ സൃഷ്ടിച്ച പ്രധാനപ്പെട്ട കാര്യം സാമൂഹികശാസ്ത്ര പഠനങ്ങളിലും മാനവിക-സാഹിത്യ പഠനങ്ങളിലും മുന്‍പുള്ളതില്‍ നിന്നും വ്യത്യസ്തമായി ‘അനുഭവം’ ഒരു പ്രധാനപ്പെട്ട സംവര്‍ഗമായി (Category) മാറി എന്നതാണ്. തത്വചിന്ത, സാഹിത്യം, സാമൂഹികശാസ്ത്രം, ചരിത്രം പോലുള്ള വ്യത്യസ്ത വിജ്ഞാന മേഖലകളിലേക്ക് വികസിപ്പിക്കാവുന്ന പ്രമേയങ്ങളാണ് തങ്ങളുടെ സംവാദത്തിന്റെ അടിസ്ഥാനമെന്ന് ആമുഖത്തില്‍ ഇവർ സൂചിപ്പിക്കുന്നുണ്ട്.
ദലിത്-കീഴാള അനുഭവ മണ്ഡലങ്ങളെ ആവിഷ്കരിക്കുന്ന ഇൻഡ്യയിലെ പ്രബലമായ രീതികളെ സൂചിപ്പിക്കാനായി രചനാകര്‍തൃത്വം (Authorship), ഉടമസ്ഥത (Ownership) എന്നീ വിരുദ്ധവും എന്നാൽ, പരസ്പരം ചേര്‍ക്കാവുന്നതുമായ രണ്ടു സൂചനകൾ ഗോപാൽ ഗുരു പ്രയോഗിക്കുന്നുണ്ട്. ജീവിക്കുന്ന ചുറ്റുപാടുകളെ (Space), അനുഭവവും സാമൂഹിക നീതിയുമായി അഭേദ്യമായി ബന്ധിപ്പിച്ചു കൊണ്ടാണ് ഈ പ്രയോഗങ്ങളുടെ ആവിഷ്കാര സാധുതയും സാധ്യതയും അദ്ദേഹം ചര്‍ച്ച ചെയ്യുന്നത്. സാമൂഹികവും ചരിത്രപരവുമായി ഇക്കാര്യം വിശദീകരിക്കാൻ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ കാലത്ത് ഗാന്ധിയും അംബേഡ്കറും സ്ഥലപരമെന്ന നിലക്ക് ഇൻഡ്യയെ അഭിസംബോധന ചെയ്യാനും പരിവര്‍ത്തിപ്പിക്കാനും ശ്രമിച്ചതിന്റെ രണ്ടു രീതിശാസ്ത്രങ്ങള്‍ വിവരിക്കുന്നുണ്ട്.
ബഹുജനങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ഇവർ വ്യത്യസ്ത സൂചനകളാണ് രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെയും അതിനെ തുടർന്നുണ്ടാവുന്ന ഇൻഡ്യയെയും കുറിക്കുവാൻ ഉപയോഗിച്ചത്. വിവിധ സാമൂഹിക വിഭാഗങ്ങള്‍ക്കിടയിലുള്ള പരസ്പര ബന്ധത്തിലൂടെ ധാര്‍മിക സംവര്‍ഗമായി (Moral Category) ‘സേവയെ’ ഗാന്ധി മുന്നോട്ടു വെച്ചപ്പോൾ, അംബേഡ്കറാവട്ടെ ആത്മബോധത്തിലൂന്നിയ (Self Respect) ബഹിഷ്കൃത ഇൻഡ്യയിൽ നിന്നും പ്രബുദ്ധ ഇൻഡ്യയിലേക്കുള്ള പരിവര്‍ത്തനത്തെയാണ് പൊതുമണ്ഡലത്തിൽ അവതരിപ്പിച്ചത്. അതുകൊണ്ടാണ് ചരിത്രരഹിതവും മിത്തിക്കൽ സ്വഭാവവുമുള്ളതുമായ ദേശരൂപത്തെ (രാമരാജ്യം) ഗാന്ധി വിഭാവന ചെയ്തപ്പോള്‍, വിമര്‍ശനാത്മകതയും ഉല്‍പതിഷ്ണുത്വവുമുള്ള ഭൂതകാലത്തിന്റെ പിന്‍ബലത്തിൽ, പ്രബുദ്ധ ഇൻഡ്യയെന്ന പ്രതിരോധ ആശയം അംബേഡ്കർ സ്വീകരിച്ചത്. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം, ചരിത്രത്തില്‍ നിന്നും വസ്തുതകളില്‍ നിന്നും ഒന്നും സ്വീകരിക്കാതെ ‘ദേശമെന്ന’ ഇടത്തെ തിരുത്തലിന്റെയും വീണ്ടെടുപ്പിന്റെയും സ്ഥലമാക്കാനാണ് ഗാന്ധി ശ്രമിച്ചത്. അടിമുടി മാറ്റിമറിക്കേണ്ട ചലനാത്മകമായ ഇടമായി അംബേഡ്കറും വിഭാവന ചെയ്തുുവ്യത്യസ്തമായ നിലപാടുകൾ അവതരിപ്പിക്കുന്നതിലൂടെ ഇൻഡ്യയിലെ വിവിധ സാമൂഹിക വിഭാഗങ്ങള്‍ തങ്ങളുടെ ആശയ ലോകത്തെ ‘ഇടം’ എന്നതിനെ അടിസ്ഥാനമാക്കി അവതരിപ്പിച്ചതിനെ വിശദീകരിക്കാമെന്ന് ഗോപാൽ ഗുരു കരുതുന്നു. ഇൻഡ്യയിലെ രാഷ്ട്രീയാധികാരവും സാംസ്കാരിക അധീശത്വവുമുള്ള വിഭാഗങ്ങള്‍ കീഴാള-ദലിത് അനുഭവങ്ങളെയും അവരുടെ സ്ഥലങ്ങളെയും ആവിഷ്കരിക്കുമ്പോള്‍ മറ്റൊരു തരം ‘ബലപ്രയോഗം’ കൂടി സംഭവിക്കുന്നുണ്ട്. ഇരയെയോ പീഡിതരെയോ ആഖ്യാനം ചെയ്യുന്നതിലൂടെ- അതിന്റെ സ്വഭാവവും രീതിയുമനുസരിച്ച്- മുന്‍പുണ്ടായിരുന്ന സാമൂഹിക-രാഷ്ട്രീയ അധികാരം മറ്റൊരര്‍ഥത്തിൽ സാംസ്കാരികമായ മേധാവിത്വമായി മാറുകയാണ്.
ഇവിടെ ഉദാഹരണമായി, മുംബൈയിലെ മധ്യവര്‍ഗ-മേല്‍ജാതി വിഭാഗങ്ങൾ ചേരികളിൽ താമസിക്കുന്നവരെ മാലിന്യ വാഹകരായോ (Walking dirt), അറപ്പുളവാക്കുന്ന വസ്തുക്കളായോ കാണുന്നതിനെ എടുത്തുപറയുന്നു. കൂടാതെ ഈ വിഭാഗങ്ങളെ രണ്ടു സമീപനങ്ങളിലൂടെ മാത്രം ചിത്രീകരിക്കാനാണ് പൊതുവെ വരേണ്യ എഴുത്തുകാർ ശ്രമിക്കുന്നതെന്നും കാണാം. അതിലൊന്ന് ദലിതരെയും അവരിലെ സ്ത്രീകളെയും സമ്പത്തൊന്നും കാര്യമായില്ലെങ്കിലും ലക്ഷ്മിദേവിയായും, ജീവിതത്തിന്റെ ഏറിയ പങ്കും ഇല്ലായ്മകളില്‍ കഴിയുമ്പോഴും ആഗോളീകരണത്തിലൂടെ ദൃശ്യത കിട്ടിയ ഉപഭോക്താവായുമൊക്കെ ആഖ്യാനിക്കുന്നു. മറ്റൊരു രീതി ദാസ്യരും വിധേയരുമായി ചിത്രീകരിക്കുന്നതാണ്..
മലയാളത്തിലെ സാഹിത്യ ഭാവനയുടെ തുടക്കം മുതല്‍ ഈ പ്രവണത കാണാമെങ്കിലും സമീപകാലത്തു വിവാദങ്ങളും വിപണി മൂല്യവും സൃഷ്ടിച്ച ഒട്ടുമിക്ക രചനകളും പിന്തുടരുന്ന തന്ത്രവും ഭിന്നമല്ലായെന്നു സൂക്ഷ്മമായി പരിശോധിച്ചാൽ വ്യക്തമാകും. ഒരു പ്രത്യേക വിഭാഗത്തിന്റെ അനുഭവങ്ങള്‍ക്കു മേൽ രചനാകര്‍തൃത്വം (Authorship) സ്ഥാപിക്കുകയും, അവരുടെ ഉടമസ്ഥാവകാശത്തെ (Ownership) അപഹസിക്കുകയോ വക്രീകരിക്കുകയോ ആണ് സമീപകാല എഴുത്തു വ്യവഹാരമെന്ന് വാദിക്കാനാണ് തുടര്‍ന്ന്‍ ശ്രമിക്കുന്നത്. ചരിത്രത്തെ നിഗൂഢമായി കേട്ടുകേള്‍വിയിലും ജനപ്രിയബോധത്തിലും പുനരാവിഷ്കരിക്കുകയാണ് ഇതിന്റെ പ്രാഥമിക ചുവടെന്ന്‍ പറയാം. ഇങ്ങനെ സൂചിപ്പിക്കുന്നതിലൂടെ ഭാവനക്കും ആവിഷ്കാര സ്വാതന്ത്ര്യത്തിനും മേലുള്ള എഴുത്തുകാരന്റെ നിര്‍ണയാവകാശത്തെ ചോദ്യം ചെയ്യുകയല്ല, മറിച്ച് കീഴാള സമുദായങ്ങളെ മലയാളത്തിലെ പൊതുഭാവനയും സാമൂഹിക സ്വീകാര്യതയും സ്വാംശീകരിക്കുന്നതിന്റെ രീതി ഒട്ടും പ്രതീക്ഷാഭരിതവും വികസിതവുമല്ലെന്ന്‍ ചൂണ്ടിക്കാണിക്കാനാണ് ഉദേശിക്കുന്നത്.
വര്‍ത്തമാനകാല മലയാള ചെറുകഥയിലെ പ്രധാനപ്പെട്ട എഴുത്തുകാരിലൊരാളായ ഉണ്ണി ആറിന്റെ ചില രചനകളെ മുന്‍നിര്‍ത്തി തുടര്‍ന്നുള്ള അന്വേഷണത്തെ വികസിപ്പിക്കാമെന്ന് കരുതുന്നു. പ്രത്യേകിച്ചും ദലിത് ജീവിതവും, അവരുടെ ആവാസവ്യവസ്ഥകളും പ്രധാന പ്രമേയമാകുന്ന ഒറ്റപ്പെട്ടവൻ, മണ്ണിര എന്നീ കഥകളും, സമീപകാലത്ത് ‘ട്രൂ കോപ്പി തിങ്ക്’ എന്ന ഓണ്‍ലൈൻ മാഗസിനിൽ വന്ന മലയാളി മെമോറിയല്‍ (2020 ജൂലൈ 26) എന്ന രചനയുമാണ് വിശകലന വിധേയമാക്കുന്നത്. ദലിതരുടെ അനുഭവ ലോകമെന്നതിലുപരി അയ്യന്‍കാളി, പൊയ്കയില്‍ അപ്പച്ചൻ, ഡോ. ബി.ആര്‍ അംബേഡ്കർ എന്നിവരെ ചുറ്റിപ്പറ്റി വികസിക്കുന്ന ആഖ്യാനങ്ങളെന്ന പ്രത്യേകതയും ഈ തെരെഞ്ഞെടുപ്പിനെ സ്വാധീച്ചിട്ടുണ്ട്.
Comments
Post a Comment