ബീമാപള്ളിക്കാരെ ‘കേരളം’ ഇപ്പോഴും വെടിവെച്ചുകൊണ്ടിരിക്കുന്നു- എൻ പി ജിഷാർ

 ഒരു രാഷ്ട്രീയ കൊലപാതകത്തോട് അത്യന്തം വൈകാരികവും പ്രതിഷേധാത്മകവുമായി പ്രതികരിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യസന്ദര്‍ഭത്തിലാണ് കേരളമിപ്പോള്‍. ഒരു മനുഷ്യന്‍ കൊലചെയ്യപ്പെടുന്നതില്‍ കേരളീയര്‍ ഇത്രയേറെ ആത്മ ദുഃഖമനുഭവിക്കുമോയെന്നും മലയാള മാധ്യമങ്ങള്‍ ഇത്രമേല്‍ തീവ്രമായ മാനവിക ബോധം പ്രകടിപ്പിക്കുമോയെന്നും സംശയിക്കാവുന്നത്ര ആഴമേറിയ വൈകാരികതകള്‍. ടി.പി ചന്ദ്രശേഖരന്‍റെ മരണവും അതിന്‍റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളും അത് സൃഷ്ടിച്ചേക്കാവുന്ന സെന്‍സേഷണല്‍ മാധ്യമ സാധ്യതകളും അവഗണിച്ചുകൊണ്ടല്ല ഈ സംശയം. എങ്കിലും ഒരൊറ്റയാളുടെ മരണത്തെപ്പോലും ഇങ്ങനെ നേരിടാന്‍ കഴിയുന്നവരാണ് കേരളീയര്‍ എന്ന അറിവ് ഒട്ടൊരു ആശ്ചര്യമുണ്ടാക്കുന്നുണ്ട്. ഈ മരണാനന്തര കോലാഹലങ്ങള്‍ക്കിടയിലേക്ക് മെയ് 17 കടന്നുവരുന്നുവെന്നത് കൊണ്ടുകൂടിയാണ് ഈ ആശ്ചര്യം. അധികമാരും ഓര്‍ക്കാനിടയില്ലാത്ത ഒരു സാധാരണ ദിനമാണിപ്പോള്‍ ഇത്. എന്നാല്‍ കേരളത്തിന്‍റെ ഭരണകൂട ഭീകരതയുടെ ചരിത്രത്തില്‍ അസമാനമായ ദിവസമാണിത്. ആറ് മലയാളികളെ അവരുടെ സ്വന്തം ഭരണകൂടം വെടിവച്ചുകൊന്ന കറുത്ത ദിനം. സംസ്ഥാന ചരിത്രത്തില്‍ ഇതുവരെ നടന്നിട്ടില്ലാത്തത്രയും ഭീകരമായ പോലിസ് വേട്ടക്ക് കേരളം സാക്ഷിയായ ദിവസം. ഇതിനിരയായ സമൂഹം പോലും സ്വയം മറന്നുകളയുമാറ് നിസ്സംഗതയും മനുഷ്യത്വ വിരുദ്ധതയും കൊണ്ടാണ് മലയാളികള്‍ ഈ ഭീകരതയെ നേരിട്ടത്. അവരിപ്പോള്‍ മറ്റൊരു മരണത്തില്‍ -ഒരൊറ്റ മരണത്തില്‍- തലയെടുത്തത് തുള്ളുന്നു എന്നത് ആശ്ചര്യപ്പെടാതിരിക്കാനാകില്ലല്ലോ?


മലയാളികളുടെ ജനാധിപത്യ ബോധത്തിലെ കാപട്യങ്ങള്‍ സ്വയം വെളിപ്പെടുത്തിയതായിരുന്നു 2009 മെയ് 17ന് ബീമാപള്ളിയില്‍ നടന്ന പോലിസ് വെടിവപ്പ്. നിരപരാധികള്‍ക്കുനേരെ പോലിസ് നടത്തിയ വെടിവപ്പില്‍ പൊലിഞ്ഞത് ആറു ജീവന്‍. പരിക്കേറ്റത് അമ്പതോളം പേര്‍ക്ക്. ആശ്രിതര്‍ നഷ്ടപ്പെട്ട് നിത്യ ദുരിതത്തിലേക്കെടുത്തെറിയപ്പെട്ടവര്‍ അതിലേറെ. ഒരു ഗുണ്ടയുടെ താന്തോന്നിത്തത്തെ യഥാവിധി നേരിടാതെ നിഷ്ക്രിയരായ പോലിസിന്‍റെ നിരുത്തരവാദിത്തത്തിനെതിരെ സംഘടിച്ച പ്രദേശ വാസികളെ തോക്കുകൊണ്ട് നേരിടുകയായിരുന്നു പോലിസ്. ഈ നരനായാട്ടിനെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണച്ച് നീതിന്യായ നിര്‍വഹണത്തിന് സമ്പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് മലയാളികള്‍ അന്ന് ‘മാതൃകാപരമായ’ മൗനം പാലിച്ചു. മലയാളിത്തത്തിന് അവര്‍ സ്വയം നിര്‍ണയിച്ചുനല്‍കിയ ശ്രേണീഘടന പ്രകാരം മുഖ്യധാരയില്‍ അടുപ്പിക്കാന്‍ അയോഗ്യരായ ഒരുപറ്റം ‘പ്രാകൃതര്‍ക്ക്’ നേരെയുണ്ടായ വെടിവപ്പിന് തീവ്രത കുറഞ്ഞുപോയോ എന്ന സംശയമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. രക്തസാക്ഷികളെ ഏറ്റെടുക്കാനും അണികളെ നിരത്തി പ്രതിരോധിക്കാനും ശേഷിയില്ലാത്ത ജനത അത് നിശ്ശബ്ദം ഏറ്റുവാങ്ങി. തീരവാസികള്‍, മല്‍സ്യത്തൊഴിലാളകിള്‍, വിദ്യാഹീനര്‍, നിയമ സംവിധാനത്തിന് വിധേയരാകാത്തവര്‍, എല്ലാത്തിനുമൊപ്പം മുസ്‌ലിംകള്‍…ഇങ്ങനെ അപരനിര്‍മിതിക്ക് ആവശ്യമായ എല്ലാ ചേരുവകളും ഒത്തിണങ്ങിയ സമൂഹമാണ് വെടിയേറ്റു വീണത്. അതിനാല്‍ മുഖ്യധാരാ മലയാളികളുടെ വേവലാതികളില്‍ ആ ആറുപേര്‍ക്ക് ഒട്ടും ഇടമുണ്ടായില്ല. ആ വെടിയുണ്ട അവരര്‍ഹിക്കുന്നു എന്ന് സ്വന്തം സാമൂഹ്യ ബോധത്തിന് താഴെ അടിക്കുറിപ്പെഴുതി വച്ച് അവര്‍ ഭീകരമായ നിസ്സംഗത പാലിച്ചു. പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍, ജുഡീഷ്യല്‍ അന്വേഷണം, കലകടറുടെയും ആര്‍.ഡി.ഒയുടെയും പോലിസ് വിരുദ്ധ വെളിപ്പെടുത്തലുകള്‍, ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി വെടിവപ്പിന്റെ ന്യായാന്യാതകള്‍ പലവഴികളില്‍ വിശകലനം ചെയ്യപ്പെട്ടിട്ടും നിരപരാധികളായ പൗരന്‍മാര്‍ക്കെതിരായ ഭരണകൂട കൈയ്യേറ്റമായി മൂന്നാം വര്‍ഷവും അത് ചരിത്രത്തിലിടം നേടിയിട്ടില്ല.


വെടിയേറ്റ് മരിക്കാന്‍ യോഗ്യരായ അപരിഷ്‌കൃതരായ ജനതയാണ് ബീമാപള്ളിക്കാരെന്ന മുന്‍ വിധിയാണ് സംഭവ സമയത്തെ കേരളത്തെ നയിച്ച പൊതുവികാരം. രാഷ്ട്രീയ പാര്‍ട്ടികളുടെ ചില കോലാഹലങ്ങളും ഏതാനും മുസ്‌ലിം സംഘടനകളുടെ ഒറ്റപ്പെട്ട സമര-പ്രതിഷേധവും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ചില ഇടപെടലുകളും ഒഴിച്ചുനിര്‍ത്തിയാല്‍ തീര്‍ത്തും ‘സമാധാനപരമായ’ വെടിവപ്പായാണ് കേരളത്തിന് അത് അനുഭവപ്പെട്ടത്. മൂന്ന് വര്‍ഷത്തെ വിശകലനങ്ങള്‍ക്ക് ശേഷവും ഈ അവസ്ഥയില്‍ മാറ്റമുണ്ടായിട്ടില്ല. എന്നല്ല അന്വേഷണ ഏജന്‍സികള്‍ തന്നെ ഈ മുന്‍വിധികളെ സാധൂകരിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പോലിസ് ഭാഷ്യ പ്രകാരം ‘കലാപ’മായ സംഘര്‍ഷത്തില്‍ നിയോജല്‍ എന്ന സ്ഫോടക വസ്തു കണ്ടെത്തിയെന്നാണ് പോലിസ് രേഖ. ഇതേപറ്റി അന്വേഷിക്കാന്‍ സി.ബി.ഐയെ ഏല്‍പിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണം ഏല്‍പിക്കാന്‍ കേരള സര്‍ക്കാര്‍ കാരണമായി പറഞ്ഞത്, നിയോജല്‍ തീരദേശത്ത് എത്തിയതാണ്. നിയോജല്‍ എത്തിയതിനേക്കാള്‍ അപകടരമായ അവസ്ഥ, അത് തീരദേശത്ത് എത്തിയതാണത്രെ! അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും ‘തീരദേശം’ എന്ന അവരുടെ ജന്മദേശം സ്വയം തന്നെ വലിയ കുറ്റവാളിയായാണ് പരിഗണിക്കപ്പെട്ടത്. അന്വേഷണവുമായി ബന്ധപ്പെട്ട് പിന്നീട് വന്ന എല്ലാ മാധ്യമ വാര്‍ത്തകളുടെ വരികള്‍ക്കടിയിലും ഈ ‘കുറ്റവാളി’യെ പ്രത്യേകം കണ്ടെത്താന്‍ കഴിയും.


പോലിസ് ഭീകരതയെ പറ്റി അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചത് അതേ വകുപ്പിന്‍റെ ഭാഗമായ ക്രൈംബ്രാഞ്ചിനെയാണ്. വെടിയേറ്റു വീണ ജനതക്ക് നേരെ വീണ്ടും നിറയൊഴിക്കുന്നതെങ്ങനെയന്ന് അന്വേഷണത്തിന്‍റെ ഓരോ ഘട്ടത്തിലും ക്രൈംബ്രാഞ്ച് തെളിയിക്കുന്നുണ്ട്. സംഘര്‍ഷത്തിന് കാരണക്കാരനായ ഗുണ്ടക്കെതിരായ രണ്ട് കേസുകള്‍ രഹസ്യമായി എഴുതിത്തള്ളി. പോലിസിനെതിരായ കേസ് പിന്‍വലിക്കാന്‍ കോടതിയെ സമീപിച്ചു, അതും രഹസ്യമായി തന്നെ. പോലിസിനെതിരെ കൊലക്കുറ്റം ആരോപിച്ച് കൊല്ലപ്പെട്ടയാളുടെ ബന്ധു നല്‍കിയ കേസാണിത്. ഇതിനെതിരെ പരാതിക്കാരനും ജമാഅത്ത് കമ്മിറ്റിയും കോടതിയെ സമീപിച്ചിട്ടുണ്ട്. സംഭവം നടന്നയുടന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അന്ന് പ്രതിപക്ഷത്തിരുന്ന് ബഹളം വച്ചവരുടെ കൈയ്യിലേക്കാണ് റിപ്പോര്‍ട്ട് കൊടുത്തത്. എന്നിട്ടും അത് വെളിച്ചം കണ്ടില്ല. പോലിസ് വെടവപ്പിനെതിരെ കലക്ടറും ആര്‍.ഡി.ഒയും മൊഴി നല്‍കുക വഴി ഏറെ ശ്രദ്ധിക്കപ്പെട്ട റിപ്പോര്‍ട്ടാണ് പൂഴ്ത്തിവക്കപ്പെട്ടത്.


സമൂഹത്തിലെ ഏറ്റവും ദുര്‍ബലരും വിദ്യാഭ്യാസപരമായി ഏറെ പിന്നാക്കം നില്‍ക്കുന്നവരുമായ ഒരു സമൂഹമാണ് പോലിസ് ഭീകരതക്കിരയായത്. അതിനെതിരായ നിയമപരവും രാഷ്ട്രീയവുമായ പോരാട്ടത്തെ ഈ പിന്നാക്കാവസ്ഥ തെല്ലൊന്നുമല്ല തളര്‍ത്തിക്കളഞ്ഞത്. നിയമ നടപടികളുടെ സങ്കീര്‍ണതകള്‍ക്കുമുന്നില്‍ നിസ്സഹായരായിപ്പോകുന്ന ഇരകളെയാണ് ബീമാപള്ളിയില്‍ കാണാനാകുക. ഈ നിസ്സഹായതകള്‍ മറികടക്കാന്‍ അവിടത്തെ രാഷ്ട്രീയ-മത നേതൃത്വത്തിനും കഴിയുന്നില്ല. വലിയൊരു ഭരണകൂട ഭീകരത ഏറ്റുവാങ്ങേണ്ടി വന്ന ജനത അതിന്‍റെ ഓര്‍മകള്‍പോലും സൂക്ഷിക്കാന്‍ പ്രാപ്തിയില്ലാതെ അധികാര കേന്ദ്രങ്ങളോട് സമരസപ്പെടുകയാണ്. ഓര്‍മകള്‍ നിലനിര്‍ത്തുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് തിരിച്ചറിയാനുള്ള ശേഷിയും ഈ മല്‍സ്യത്തൊഴിലാളി ഗ്രാമത്തിനില്ല. മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ അതിന് ആക്കം കൂട്ടുകയും ചെയ്യുന്നു.


വെടിവപ്പിനെ ന്യായീകരിക്കാന്‍ പോലിസ് തുടക്കം മുതല്‍ വര്‍ഗീയ കലാപ കഥകളാണ് അഴിച്ചുവിട്ടത്. മുഖ്യധാരാ മാധ്യമങ്ങളും ഇതേറ്റുപിടിച്ചാണ് പോലിസിനൊപ്പം നിന്നത്. ഇതിലെ ശരിതെറ്റുകള്‍ കേരളം ഏറെ ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ ഇത്രയേറെ ഭീകരമായ -പോലിസ് ഭാഷ്യമനുസരിച്ച് യുദ്ധസമാനമായ- വര്‍ഗീയ കലാപ നീക്കം നടന്ന ഈ പ്രദേശത്ത് അതിന് ശേഷം സാമുദായികത പറഞ്ഞ് ഒരു ചെറിയ വാക്കേറ്റം പോലുമുണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പഴയ സൗഹൃദാന്തരീക്ഷം പൂര്‍ണാര്‍ഥത്തില്‍ നിലനില്‍ക്കുന്നുമുണ്ട്. പോലിസിനെയും അവരുടെ ഭാഷ്യം ഏറ്റുപിടിച്ച മാധ്യമങ്ങളെയും അതിനൊത്ത് മൗനംപാലിച്ച പൊതുസമൂഹത്തെയും ഈ സാമൂഹ്യാന്തരീക്ഷം അങ്ങേയറ്റം പരിഹാസ്യമാക്കുന്നുണ്ട്. ഒരുവെടിവപ്പ് കൊണ്ട് നിശേഷം വര്‍ഗീയതയെ തുടച്ചുനീക്കാന്‍ കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നതിനേക്കാള്‍, കേരളീയ സമൂഹത്തിലേക്ക് പോലിസ് പൊട്ടിച്ചുവിട്ട നുണയുണ്ടകള്‍ അറബിക്കടലില്‍ വീണടിഞ്ഞുവെന്ന് കരുതാനാണ് കുടുതല്‍ ന്യായം.

Comments

Popular posts from this blog

ഇൻഡ്യയിലെ അധീശ സാഹിത്യങ്ങൾ, കീഴാള-ദലിത് അനുഭവങ്ങളെയും ഇടങ്ങളെയും അറപ്പുളവാക്കുന്നതായാണ് വിഭാവന ചെയ്യുന്നത്.

എന്താണ് നിപ വൈറസ്? സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ? എല്ലാവരും അറിഞ്ഞിരിക്കേണ്ടത്

Muharram 2021: Know The Date, History And Its Significance For Muslims