അഫ്ഗാനിൽ ഭരണം പിടിക്കാൻ നേതൃത്വം നൽകിയ താലിബാൻ ഭീകരർ ആരൊക്കെ?

 

അഫ്ഗാനിസ്ഥാനിലെ സര്‍ക്കാറിന്റെ പതനം പ്രതീക്ഷിച്ചതിലും നേരത്തെ പൂര്‍ണമായിരിക്കുന്നു. പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടതോടെ താലിബാന്‍ അഫ്ഗാന്‍ നിയന്ത്രണം ഏറ്റെടുത്തു. കാബൂളിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ താലിബാൻ പതാക ഉയർത്തി. ഇനി ഇസ്ലാമിക ഭരണമെന്ന് പ്രഖ്യാപനം. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍‌ ഉടന്‍ പ്രഖ്യാപിക്കും. രാജ്യംവിട്ടത് രക്ത ചൊരിച്ചില്‍ ഒഴിവാക്കാനെന്ന് അഷ്‌റഫ് ഗനി പറഞ്ഞു. പലായനം ചെയ്ത ശേഷമുള്ള ഗനിയുടെ ആദ്യപ്രതികരണം ആണിത്. നിർണായക യുഎൻ യോഗം ഇന്ന് ചേരും.



രാജ്യം വിടാനായി എത്തിയവരുടെ തിക്കും തിരക്കുമാണ് കാബൂള്‍ വിമാനത്താവളത്തിലെന്നാണ് റിപ്പോർട്ട്. ഇതിനിടെ ഇവിടെ വെടിവെപ്പ് ഉണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. തലസ്ഥാമായ കാബൂളിനെ നാല് വശത്ത് നിന്നും തീവ്രവാദികൾ വളഞ്ഞതോടെ പലയിടത്തും ചെറുത്ത് നിൽക്കാതെ തന്നെ അഫ്ഗാൻ സൈന്യം പിന്മാറുകയായിരുന്നു. നഗരാതിർത്തി കടന്നൊരു ആക്രമണത്തിന് മുതിരാതെ ചർച്ചകൾക്കായി താലിബാൻ സംഘം പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലെത്തി.

അധികാരമൊഴിയുക അല്ലാതെ മറ്റൊരു വഴിയും പ്രസിഡന്‍റ് അഷ്റഫ് ഗനിക്ക് മുന്നിലുണ്ടായിരുന്നില്ല. അധികാര കൈമാറ്റം പൂർത്തിയാവും വരെ ഇടക്കാല സർക്കാരിനെ ഭരണമേൽപിക്കാനാണ് ധാരണ. കാബൂൾ താലിബാൻ വളഞ്ഞതോടെ എംബസി ഉദ്യോഗസ്ഥരെയടക്കം അമേരിക്ക എയർലിഫ്റ്റ് ചെയ്ത് കൊണ്ടുപോയി തുടങ്ങി. പൗരൻമാരെ തിരികെയെത്തിക്കാൻ ജർമ്മൻ സേനയും കാബൂളിലെത്തി. വിമാനത്താവളത്തിന്‍റെ പ്രവർത്തനം തടസപ്പെടുത്തില്ലെന്നും രാജ്യത്ത് നിന്ന് മടങ്ങുന്നവരെ ബുദ്ധിമുട്ടിക്കില്ലെന്നും താലിബാൻ അറിയിച്ചിരുന്നു.



അമേരിക്ക സൈന്യത്തെ പിന്‍വലിച്ചതോടെയാണ് അഫ്ഗാനില്‍ താലിബാന്‍ ആക്രമണം ശക്തമാക്കുന്നത്. പ്രതീക്ഷിച്ചതിലും വേഗത്തില്‍ കാബൂള്‍ അടക്കം നിയന്ത്രണത്തിലാക്കി താലിബാന്‍ അഫ്ഗാന്‍ കൈയടക്കി. 1996ല്‍ അഫ്ഗാനിലെ സോവിയറ്റ് യൂണിയന്‍ നിയന്ത്രിത ഭരണത്തിന് അന്ത്യം കുറിച്ചാണ് താലിബാന്‍ ആദ്യം അധികാരം കൈയാളുന്നത്. ഒടുവില്‍ അമേരിക്ക തന്നെ അഫ്ഗാനെ 2001ല്‍ അധികാരത്തില്‍ നിന്ന് പുറത്താക്കി. മുല്ല മുഹമ്മദ് ഒമറായിരുന്നു താലിബാന്‍ സ്ഥാപകന്‍. അമേരിക്ക താലിബാന്‍ ഭരണത്തിന് അന്ത്യം കുറിച്ചതോടെ ഒമറിനെ കാണാതായി. 2013ലാണ് ഒമറിന്റെ മരണം സ്ഥിരീകരിക്കുന്നത്. പിന്നീട് മറ്റ് നേതാക്കളുടെ നേതൃത്വത്തിലാണ് അഫ്ഗാനില്‍ താലിബാന്‍ ആക്രമണം തുടര്‍ന്നതും ഇപ്പോള്‍ ഭരണം പിടിച്ചെടുത്തതും. ഭരണം പിടിക്കാൻ നേതൃത്വം വഹിച്ച താലിബാൻ നേതാക്കളെ അറിയാം



1. ഹൈബത്തുല്ല അഖുന്‍സാദ



'വിശ്വാസത്തിന്റെ നേതാവ്' എന്നാണ് ഹൈബത്തുല്ല അഖുന്‍സാദ അറിയപ്പെടുന്നത്. താലിബാന്റെ രാഷ്ട്രീയവും മതപരവും സൈനികവുമായ എല്ലാ തീരുമാനങ്ങളുടെയും അവസാന വാക്കാണ് ഹൈബത്തുല്ല. 2016ല്‍ താലിബാന്‍ തലവന്‍ അഖ്തര്‍ മന്‍സൂര്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് ഹൈബത്തുല്ല നേതൃത്വത്തിലെത്തുന്നത്. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ കുച്ച്‌ലാക്കിലെ പള്ളിയില്‍ പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ് ഹൈബത്തുല്ലയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏകദേശം 60 വയസാണ് ഇയാളുടെ പ്രായം.




2. മുല്ല മുഹമ്മദ് യാക്കൂബ്



താലിബാന്‍ സ്ഥാപക നേതാവ് മുല്ല ഒമറിന്റെ മകൻ. അഫ്ഗാനിലെ താലിബാന്റെ സൈനിക ചുമതല യാക്കൂബിനാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താലിബാന്റെ പ്രധാന നേതാവാകുമെന്ന് പ്രതീക്ഷിച്ച വ്യക്തിയാണ് യാക്കൂബ്. എന്നാല്‍ യുദ്ധമുഖങ്ങളിലെ പരിചയക്കുറവും പ്രായക്കുറവും തിരിച്ചടിയായി. യാക്കൂബ് സ്വയം പിന്മാറിയതോടെയാണ് ഹൈബത്തുല്ല നേതാവാകുന്നത്. ഏകദേശം 30 വയസ്സ് മാത്രമാണ് യാക്കൂബിന്റെ പ്രായം.



3. സിറാജുദ്ദീന്‍ ഹഖാനി



മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ജലാലുദ്ദീന്‍ ഹഖാനിയുടെ മകന്‍. സിറാജുദ്ദീനാണ് ഹഖാനി നെറ്റ് വര്‍ക്കിനെ നയിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ താലിബാനെ നിയന്ത്രിക്കുന്നതും ഇയാളാണ്. പാകിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തികളിലെ സാമ്പത്തികവും സൈനികവുമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും സിറാജുദ്ദീന്‍ ഹഖാനിയാണ്. അഫ്ഗാനിലെ ചാവേര്‍ ആക്രമണങ്ങളുടെയും നിരവധി കാബൂള്‍ ഹോട്ടല്‍ റെയ്ഡ് അടക്കമുള്ള ഹൈപ്രൊഫൈല്‍ ആക്രമണങ്ങളുടെയും തലച്ചോര്‍ ഹഖാനി നെറ്റ് വര്‍ക്കാണെന്ന് പറയപ്പെടുന്നു. ഹാമിദ് കര്‍സായിക്കെതിരെയുള്ള വധശ്രമം, ഇന്ത്യന്‍ എംബസിയിലെ ചാവേര്‍ ആക്രമണം ഇയാളുടെ നേതൃത്വത്തിലായിരുന്നു. 40നും 50നും ഇടയിലാണ് പ്രായം.



Advertisement

4. മുല്ല അബ്ദുല്‍ ഗനി ബാറാദാര്‍



താലിബാന്‍ സ്ഥാപക നേതാക്കളില്‍ ഒരാള്‍. താലിബാന്‍ പൊളിറ്റിക്കല്‍ ഓഫീസിന്റെ ഇപ്പോഴത്തെ ചുമതലക്കാരന്‍. ഖത്തറിന്റെ മധ്യസ്ഥതയില്‍ ദോഹയില്‍ നടക്കുന്ന സമാധാന ചര്‍ച്ചയുടെ താലിബാന്‍ ടീമിന്റെ തലവന്‍. മുല്ല ഒമറിന്റെ വിശ്വസ്തനായ കമാന്‍ഡറായിരുന്നു. 2010ല്‍ സുരക്ഷാ സേന ഇയാളെ കറാച്ചിയില്‍ നിന്ന് പിടികൂടി. 2018ല്‍ വിട്ടയച്ചു.



5. ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി



താലിബാന്‍ സര്‍ക്കാറിന്റെ മുന്‍ ഡെപ്യൂട്ടി മന്ത്രിയായിരുന്നു. ദോഹ കേന്ദ്രീകരിച്ചായിരുന്നു ഒരു ദശകത്തോളം പ്രവര്‍ത്തനം. 2015ല്‍ പൊളിറ്റക്കല്‍ ഓഫീസിന്റെ ചുമതലക്കാരനായി. താലിബാന്റെ നയതന്ത്ര പ്രതിനിധിയായി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. അഫ്ഗാന്‍ സര്‍ക്കാറുമായുള്ള ചര്‍ച്ചയുടെ പ്രധാന ഇടനിലക്കാരനായിരുന്നു.

#afganissue #Taliban #thaliban #entertainingdude #infohub


6. അബ്ദുല്‍ ഹക്കിം ഹഖാനി



നിലവിലെ താലിബാന്‍ തലവന്‍ ഹൈബത്തുല്ല അഖുന്‍സാദയുടെ വിശ്വസ്തന്‍. മതപണ്ഡിത കൗണ്‍സിലിന്റെ തലവന്‍.


Comments

Popular posts from this blog

ഇൻഡ്യയിലെ അധീശ സാഹിത്യങ്ങൾ, കീഴാള-ദലിത് അനുഭവങ്ങളെയും ഇടങ്ങളെയും അറപ്പുളവാക്കുന്നതായാണ് വിഭാവന ചെയ്യുന്നത്.

എന്താണ് നിപ വൈറസ്? സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ? എല്ലാവരും അറിഞ്ഞിരിക്കേണ്ടത്

Muharram 2021: Know The Date, History And Its Significance For Muslims