അച്ചടി നിര്‍മ്മിച്ച കീഴാള പൊതുമണ്ഡലങ്ങള്‍
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കേരളത്തിലെ സാഹിത്യ-സാമൂഹ്യശാസ്ത്ര മേഖലയില്‍ കീഴാളവിഭാഗത്തിനെ ചുറ്റിപ്പറ്റിയുള്ള പഠനങ്ങള്‍ നിലവിലെ രീതിശാസ്ത്രത്തിനെ പുതുക്കി വായിക്കുന്നതിനു കാരണമായിട്ടുണ്ട്. അതോടൊപ്പം തന്നെ കീഴാള വിഭാഗത്തിന്റെ ജീവിതലോകത്തിനെക്കുറിച്ച് വ്യത്യസ്തമായ ആഖ്യാനമാതൃകകള്‍ അവ നിര്‍മ്മിക്കുകയും ഉണ്ടായി. പിന്നീട് ദേശീയതലത്തില്‍ നടന്ന സംവാദങ്ങളുടെ ഭാഗമായി ദലിത് പഠനങ്ങള്‍ എന്ന ശാഖയില്‍ വരെ എത്തിനില്‍ക്കുകയാണ് ഇന്ന് നാം. (മോഹന്‍, 2012, Rawat and Satyanarayna,, 2016). മുന്‍കാല അടിമവിഭാഗത്തിന്റെ ചരിത്രമെഴുത്തില്‍ പലപ്പോഴും വിട്ടുപോകുന്നതും, കൂടുതല്‍ പഠനങ്ങള്‍ നക്കാത്തതുമായ ഒന്നാണ് കീഴാള വിഭാഗങ്ങള്‍ അച്ചടി എന്ന ആധുനിക മാധ്യമത്തിലൂടെ ഉണ്ടാക്കിയെടുത്ത പൊതുമണ്ഡലങ്ങള്‍ എന്നത്. ഇത്തരത്തിലുള്ള സാഹചര്യത്തില്‍ തള്ളപ്പെട്ടിരുന്ന വിഭാഗങ്ങള്‍ നിര്‍മ്മിച്ച പൊതുമണ്ഡലത്തെക്കുറിച്ചുള്ള അന്വേഷണമാണീ പഠനം. രേഖീയമായ ചരിത്രമെഴുത്ത് സാധ്യമല്ലാത്തതും, പൂര്‍ത്തീകരിക്കപ്പെടാത്ത പദ്ധതിയുടെ ചരിത്രാന്വേഷണവുമാണിതില്‍ നടത്തുന്നത്.
ഇരുപതാം നൂറ്റാണ്ട് മുതല്‍ സജീവമായ പത്ര/ മാസികാ പ്രസിദ്ധീകരണങ്ങള്‍ കേരളാ സമൂഹത്തില്‍ ഒരുപാട് തലങ്ങള്‍ നിര്‍മ്മിക്കുകയും, അതോടൊപ്പം ചില ധര്‍മ്മങ്ങളും, ലക്ഷ്യങ്ങളും മുന്നോട്ട് വെയ്ക്കുകയുമുണ്ടായി. പുതിയ സംസ്‌കാരിക പൊതുബോധത്തിന്റെ നിര്‍മ്മിതിയ്ക്കും, ജനകീയ
പങ്കാളിത്തത്തിനും, ആധുനിക പൗരാവകാശം നേടുന്നതിനുള്ള മാര്‍ഗ്ഗമെന്ന നിലയിലും ഈ വ്യവസ്ഥതിയെ എല്ലാ വിഭാഗങ്ങളും പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചു എന്നതാണ് ഈ അച്ചടിചരിത്രത്തെ നിര്‍ണ്ണായകമാക്കി തീര്‍ത്തത്. ക്രിയാത്മകമായ ഇടപെടലുകള്‍ വഴിയുള്ള ജ്ഞാന വ്യവസ്ഥ ഈ പ്രസിദ്ധീകരണങ്ങള്‍ വഴിയാണ് നിര്‍മ്മിക്കപ്പെട്ടത്. ഈ ജ്ഞാനവ്യവസ്ഥയില്‍ പോരായ്മകള്‍ ഉണ്ടായിരുന്നെങ്കിലും ജാതിയുടെ പിന്‍ബലത്തില്‍ ദൃഢമായിരുന്ന അടഞ്ഞ ജ്ഞാന സമ്പ്രദായത്തെ മലര്‍ക്കെ തുറക്കുന്നതിനു അവയ്ക്കു സാധിച്ചു. അതുകൊണ്ട് തന്നെ അച്ചടിയിലൂടെ സൃഷ്ടിക്കപ്പെട്ട ‘പൊതുഇടം’ എന്നത് നിലവിലുള്ള ജാതീയ ഏര്‍പ്പാടുകള്‍ക്ക് എതിരും, വെല്ലുവിളിയുമായിരുന്നു. കേരളത്തിലെ ദലിത് വിഭാഗങ്ങളുടെ പ്രസിദ്ധീകരണ ചരിത്രം പരിശോധിച്ചാല്‍ ഈ വെല്ലുവിളിയുടെ ആഴം നമ്മള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.
കേരളത്തിലെ പത്ര/പ്രസിദ്ധീകരണങ്ങളുടെ ചരിത്രത്തില്‍ ദലിത്, കീഴാള വിഭാഗത്തിന്റെ ഇടപെടലിനെ വിട്ടു കളയാവുന്നതല്ല. തങ്ങളുടേതായ ഭാഗധേയം അവ എക്കാലവും നിര്‍മ്മിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ എന്താണ് കീഴാളരും, ദലിതരും അവരുടെ പ്രസിദ്ധീകരണങ്ങള്‍ വഴി മുന്നോട്ട് വെയ്യ്ക്കുന്നത് എന്ന ചോദ്യം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. എഴുത്തധികാരത്തിലൂടെ തങ്ങളുടെ പൊതു അഭിപ്രായങ്ങള്‍ ‘കീഴാളപൊതുമണ്ഡലങ്ങള്‍’ സൃഷ്ടിച്ചുകൊണ്ട് വരേണ്യതയുടെ പൊതുഇടത്തിന് വിള്ളലുകളും, വെല്ലുവിളികളും ഉയര്‍ത്തുക എന്നതാണ് ഈ കീഴാള വ്യവഹാരം പ്രാഥമികമായും ചെയ്യുന്നത്. എന്നാല്‍ അദൃശ്യമായി നില്‍ക്കുന്ന ജാതിയുടെ പിന്‍ബലമുള്ള വായനാ ഇടത്തിലേക്ക് കടന്നു കയറിയ ദലിത് പ്രസിദ്ധീകരണങ്ങള്‍ എല്ലാം ജാതി പറയുന്നതും പുലഭ്യം പറയുന്നതുമായ പ്രസിദ്ധീകരണങ്ങളായി നിര്‍വ്വചിക്കപ്പെട്ടു. അതേ സമയം ഈ ദലിത് പ്രസിദ്ധീകരണങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇവയെല്ലാം തനതായ നിലയില്‍ കേരളാ പത്ര പ്രവര്‍ത്തന ചരിത്രത്തില്‍ മൗലികമായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട് എന്ന് നമ്മള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. പ്രസിദ്ധീകരണങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ എക്കാലത്തും ദലിത്‌വിഭാഗം അച്ചടി രംഗത്ത് ഒരു പ്രത്യേകതുണ്ടത്തിന്റെ കൈയ്യാളന്‍മാരും ആയിരുന്നു. അത് ഇന്നും തുടര്‍ന്ന് വരുന്നു. ഈ ചരിത്രപശ്ചാത്തലത്തില്‍ കേരളത്തിലെ ദലിത് വിഭാഗം അച്ചടി മാധ്യമങ്ങളുമായി എങ്ങനെയെല്ലാം ബന്ധപ്പെട്ടിരിക്കുന്നു എന്നുള്ളതിന്റെ ചരിത്രപരമായ അന്വേഷണമാണ് ഈ ലേഖനം.
രേഖീയമായ ഒരു ചരിത്ര രചന സാധ്യമല്ലാത്തതും തുടര്‍ച്ചയില്ലാത്തതും, ഇടര്‍ച്ചകള്‍ നിറഞ്ഞതുമായ ചരിത്രശകലങ്ങളുടെ സഹായത്താലാണ് ഈ പഠനം വികസിക്കുന്നത്. ദിനപത്രങ്ങള്‍ ഒന്നും തന്നെ സ്വന്തമായില്ലാതിരുന്ന ദലിത് വിഭാഗത്തിന്റെ പത്ര പ്രവര്‍ത്തന ചരിത്രം എന്നതുകൊണ്ട് ഇതില്‍ ഉദ്ദേശിക്കുന്നത് അവരുടെ മറ്റ് പ്രസിദ്ധീകരണങ്ങളാണ്. അതായത് നിലവില്‍ പ്രചാരത്തിലിരിക്കുന്ന ദിനപത്രങ്ങളുടെ പ്രതിപക്ഷം എന്ന നിലയിലാണ് ബഹുഭൂരിപക്ഷം ദലിത് മാസികകളും പ്രവര്‍ത്തിക്കുന്നത്. സംവാദാത്മക സാധ്യതകള്‍ക്കുള്ള ഇടം നിര്‍മ്മിച്ച അനേകം പ്രസിദ്ധീകരണങ്ങള്‍ ഇതിനോടകം ദലിതരില്‍ നിന്നും ഉണ്ടായിട്ടുണ്ട്. ഈ പഠനത്തിനു അനുബന്ധമായി നൂറ് പ്രസിദ്ധീകരണങ്ങളുടെ സൂചിക ചേര്‍ത്തിട്ടുമുണ്ട്.
ദലിതര്‍ എഴുത്തധികാരത്തില്‍
കൊളോണിയല്‍ കാലത്ത് അധികാരം, പദവി മുതലായവ ഉറപ്പിക്കുന്നതിന് പ്രയോഗിച്ച ഏറ്റവും പ്രധാന ആയുധമായിരുന്നു അച്ചടി. ബ്രിട്ടീഷ് പൗരന്മാരുടെ അധീശത്വത്തില്‍ തുടക്കം കുറിച്ച അച്ചടി അന്നോളം എഴുത്തധികാരത്തിനു പുറത്തു നില കൊണ്ടിരുന്ന വിഭാഗത്തെ കൂടുതല്‍ അഭിസംബോധന ചെയ്യുകയുണ്ടായി. 19-ാം നൂറ്റാണ്ടിന്റെ മധ്യാനന്തരം പാശ്ചാത്യ മിഷണറി നേതൃത്വത്തില്‍ കൃത്യതയോടുകൂടി നടത്തപ്പെട്ട അടിമ ജാതികള്‍ക്കിടയിലെ ക്രിസ്തുമത ആരോഹണം എന്നത് ഒരേ സമയം അക്ഷരം, എഴുത്ത്, വായന തുടങ്ങി ആധുനിക സംസ്‌കാരിക വിഭവങ്ങളിലേക്കുള്ള പ്രയാണം കൂടിയായിരുന്നു. കേരളത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന എല്ലാ വിദേശ മിഷണറി സമൂഹവും നടത്തികൊണ്ടിരിക്കുന്ന അവരുടെ വ്യത്യസ്തങ്ങളായ എല്ലാ ജേണലുകളിലും കേരളത്തിലെ ദലിതരെ പരാമര്‍ശിതമാക്കിയിരുന്നു. ഇത്തരത്തില്‍ രേഖപ്പെടുത്തപ്പെട്ട ജേണലുകള്‍ എല്ലാം തന്നെ ഇന്ന് സാമൂഹ്യശാസ്ത്ര പഠിതാക്കളുടെ മുഖ്യ ഉപാദാനമാണ്. ഇതേ കാലത്ത് തന്നെ സംസ്‌കാരികാധിനിവേശവും, കൊളോണിയല്‍ ആധിപത്യവുമെല്ലാം കൂടിക്കലര്‍ന്നു നോവല്‍ പോലുള്ള പുത്തന്‍ ആഖ്യാന മാതൃകകള്‍ക്ക് തുടക്കം കുറിച്ചു. ഈ ആഖ്യാനങ്ങളും കീഴാളാനുഭവങ്ങളെ ഉള്‍പ്പെടുത്തിയിരുന്നു. പിന്നീട് സജീവമാകുന്ന പത്ര,മാസിക പ്രസിദ്ധീകരണങ്ങള്‍ എല്ലാം തന്നെ ദലിതനുഭവങ്ങളെ പരാമര്‍ശിതമാക്കിയിരുന്നെങ്കിലും ദലിതരില്‍ നിന്നു നേരിട്ടുള്ള എഴുത്തുകള്‍ ഒന്നും തന്നെ ഉണ്ടായില്ല. ചില മിഷണറി ജേണലുകളിലും, മലയാള മിത്രം പോലുള്ള മാസികയിലും ദലിതര്‍ നേരിട്ടെഴുതിയെന്നു പറയുന്ന ചില സൂചനകള്‍ മാത്രമാണ് നമുക്ക് ലഭ്യമായിട്ടുള്ളത്.
മുകളില്‍ പരാമര്‍ശിതമായ പ്രസിദ്ധീകരണങ്ങളില്‍ നിന്നു നാം കേള്‍ക്കുന്ന കീഴാള ശബ്ദങ്ങളെല്ലാം തന്നെ വരേണ്യ നിര്‍മ്മതമായിരുന്നു. വിദേശിയാലും, സ്വദേശിയാലും നിര്‍മ്മിതമായ ശബ്ദങ്ങള്‍ക്ക് പിന്നില്‍ ചില ഗൂഢ ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് പില്‍ക്കാല സാമൂഹ്യശാസ്ത്ര ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇതിനു ഏറ്റവും നല്ല ഉദാഹരണമാണ് 22 മാര്‍ച്ച് 1890 ല്‍ മലയാള മനോരമയില്‍ ‘പുലയരുടെ വിദ്യാഭ്യാസം’ എന്ന തലക്കെട്ടില്‍ വന്ന എഡിറ്റോറിയല്‍. മേലാളഭാഷ്യത്തിലൂടെ മൃഗത്തിനോടുപമിച്ച് പുലയരുടെ ജീവിതത്തെ വിശദമാക്കാന്‍ ശ്രമിക്കുന്ന എഡിറ്റര്‍ ~ഒരു സാമൂഹ്യ പരിഷ്‌കര്‍ത്താവാകാനുള്ള ശ്രമമാണ് നടത്തുന്നത് എന്ന് ഒറ്റവായനയില്‍ ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കും. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് 2015 ല്‍ പ്രസിദ്ധീകരിച്ച Modernity of Slavery (Sanal mohan) എന്ന പുസ്തകത്തില്‍ മലയാളമനോരമ മുന്നോട്ടുവെച്ച ‘പുലയരുടെ വിദ്യാഭ്യാസം’ എന്ന ലേഖനത്തിന്റെ രാഷ്ട്രീയ സമ്പദ് ശാസ്ത്ര ഘടന എങ്ങനെയാണെന്നും, ഉല്പാദന മേഖലയില്‍ പുലയരുടെ വിദ്യാഭ്യാസം എത്തരത്തിലാണ് അധികാര ഘടനയുടെ കീഴില്‍ നില്‍ക്കുന്നതെന്നും വ്യക്തമാക്കുന്നുണ്ട്. പുലയരുടെ വിദ്യാഭ്യാസത്തിലൂടെ കൂടുതല്‍ മെച്ചമായ ഒരു തൊഴിലാളി വിഭാഗത്തെ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് മനോരമയുടെ ആദ്യമുഖ പ്രസംഗത്തിലൂടെ മാമന്‍ മാപ്പിള വിളിച്ചു പറയുന്നത്.
അച്ചടിയ്ക്കു കീഴില്‍ പ്രത്യക്ഷപ്പെട്ട ദലിതവസ്ഥകള്‍ എല്ലാം തന്നെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതായിരുന്നു. ദലിതരില്‍ നിന്നും നേരിട്ടുള്ള എഴുത്തുകള്‍ ഒന്നും ഇല്ലാതിരുന്ന ഈ പ്രസിദ്ധീകരണങ്ങള്‍ ദലിതവസ്ഥയുടെ എതിര്‍ ദിശകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 19-ാം നൂറ്റാണ്ടില്‍ അച്ചടിയ്ക്കപ്പെട്ടതില്‍ ഏക ദലിത് സാന്നിധ്യം കാണാന്‍ കഴിയുന്ന മാസിക എന്നത് ‘മലയാള മിത്രമാണ്.’ മലയാള മിത്രം മാസികയുടെ 1892 ലെ രണ്ടാം വാല്യം 59-ാം പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു ലേഖനത്തില്‍ പുലയനായ കൊര്‍ന്നല്ലിയോസ് ഹൂട്ടന്‍ 1887 ല്‍ പട്ടക്കാരനായ ദിവസം എഴുതി വായിച്ച ആത്മകഥ വീണ്ടും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് (ഡേവിഡ്,1930). അതായത് 19-ാം നൂറ്റാണ്ടില്‍ ഇറങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ നിന്നും കീഴാള ശബ്ദങ്ങള്‍ കേട്ടിരുന്നില്ല. മേലാളര്‍ ചമച്ച ഭാഷ്യങ്ങളായിരുന്നു അവര്‍ക്ക് വേണ്ടി നീക്കി വെച്ചിരുന്നത്. അച്ചടിയ്ക്കു കീഴില്‍ പ്രത്യക്ഷപ്പെട്ട ദലിതവസ്ഥകള്‍ എല്ലാം തന്നെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതായിരുന്നു.
ദലിതരില്‍ നിന്നും നേരിട്ടുള്ള എഴുത്തുകള്‍ ഒന്നും ഇല്ലാതിരുന്ന ഈ പ്രസിദ്ധീകരണങ്ങള്‍ ദലിതവസ്ഥയുടെ എതിര്‍ ദിശകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 19-ാം നൂറ്റാണ്ടില്‍ അച്ചടിയ്ക്കപ്പെട്ടതില്‍ ഏക ദലിത് സാന്നിധ്യം കാണാന്‍ കഴിയുന്ന മാസിക എന്നത് ‘മലയാള മിത്രമാണ്.’ മലയാള മിത്രം മാസികയുടെ 1892 ലെ രണ്ടാം വാല്യം 59-ാം പേജില്‍ പ്രത്യക്ഷപ്പെട്ട ഒരു ലേഖനത്തില്‍ പുലയനായ കൊര്‍ന്നല്ലിയോസ് ഹൂട്ടന്‍ 1887 ല്‍ പട്ടക്കാരനായ ദിവസം എഴുതി വായിച്ച ആത്മകഥ വീണ്ടും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് (ഡേവിഡ്,1930). അതായത് 19-ാം നൂറ്റാണ്ടില്‍ ഇറങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ നിന്നും കീഴാള ശബ്ദങ്ങള്‍ കേട്ടിരുന്നില്ല. മേലാളര്‍ ചമച്ച ഭാഷ്യങ്ങളായിരുന്നു അവര്‍ക്ക് വേണ്ടി നീക്കി വെച്ചിരുന്നത്.
ദലിതര്‍ നിരത്തിയ അച്ചുകള്‍
19-ാം നൂറ്റാണ്ടില്‍ അന്ത്യപാദത്തില്‍ കോട്ടയത്തുള്ള ചാത്തന്‍ പുത്തൂര്‍ യോഹന്നാന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ‘തെന്നിന്ത്യന്‍ സുവിശേഷ സംഘത്തിന്റെ’ ആവശ്യങ്ങള്‍ക്കായി അവര്‍ അച്ചടിപ്പിച്ച പാട്ടു പുസ്തകങ്ങളാണ് കേരളത്തിലെ ദലിത് ഉടമസ്ഥതയില്‍ അച്ചടിക്കപ്പെട്ട ആദ്യപുസ്തകം (Mohan, Endangered Archievs sss.MGU). എന്നാല്‍ 1912 ല്‍ അയ്യങ്കാളിയുടെ മേല്‍ നോട്ടത്തില്‍ ചങ്ങനാശ്ശേരിയില്‍ നിന്നും ആരംഭിച്ച ‘സാധുജനപരിപാലിനിയില്‍’ നിന്നാണ് കേരളത്തിലെ ദലിതരുടെ പ്രസിദ്ധീകരണ ചരിത്രം ആരംഭിക്കുന്നത്. തുടര്‍ച്ചയായി കുറെ ലക്കങ്ങള്‍ പ്രസിദ്ധീകരിച്ചതിനാല്‍ സാധുജന പരിപാലിനിയാണ് കേരളത്തിലെ ആദ്യ ദലിത് മാസിക. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ കീഴാള വിഭാഗങ്ങളുടെ ഇടയില്‍ രൂപം കൊണ്ട രാഷ്ട്രീയ- സാമൂഹ്യ മുന്നേറ്റം എന്ന ലക്ഷ്യത്തിനു സ്വന്തമായി ഒരു പ്രസിദ്ധീകരണ മാധ്യമം അനിവാര്യമായിരുന്നു. നിലവിലുണ്ടായിരുന്ന പ്രസിദ്ധീകരണങ്ങള്‍ സാധ്യമാക്കിയ സംവാദ മണ്ഡലങ്ങളില്‍ ദലിത് സാന്നിധ്യം വിരളവും, വികലവുമായ സാഹചര്യത്തിലാണ് ക്രിയാത്മകമായ ആശയ വിനിമയം നടത്തുന്നതിന് സ്വന്തമായി ഒരു പ്രസിദ്ധീകരണം ആരംഭിച്ചത്.
കേരള സമൂഹത്തിന്റെ ഘടനയെ മാറ്റി മറിച്ച കീഴാള പ്രസ്ഥാനങ്ങള്‍ക്കും, നേതാക്കന്മാര്‍ക്കും നിലവിലെ സാമൂഹ്യ വ്യവസ്ഥയില്‍ തങ്ങളെക്കുറിച്ചും കൂടുതല്‍ ചിന്തിക്കുവാനും, പ്രജാ സഭപോലുള്ള ഭരണ, രാഷ്ട്രീയത്തില്‍ പങ്കെടുക്കുന്ന സാഹചര്യത്തെ മെച്ചമായ രീതിയില്‍ ഉപയോഗപ്പെടുത്താനുമായി അച്ചടിയുടെ സഹായം അത്യാവശ്യഘടകമായിരുന്നു. ഇത്തരത്തില്‍ രംഗപ്രവേശനം ചെയ്ത സാധുജന പരിപാലിനിയുടെ പ്രസക്തി വളരെ വലുതാണ്. ഈ മാസികയെക്കുറിച്ച് പി.കെ ചോതി 1979 നവംബറില്‍ എഴുതിയ ഒരു കുറിപ്പ് നോക്കാം-” കൊല്ലവര്‍ഷം 1087- ല്‍ നിരക്ഷരകുക്ഷിയായ അതുല്യ നേതാവ് ശ്രീ. അയ്യങ്കാളി ചങ്ങനാശ്ശേരി, തൃക്കൊടിത്താനം ചെമ്പുംതറ ശ്രീകാളി ചോതി കുറുപ്പന്‍ എന്ന നിരക്ഷര കുക്ഷിയുടെ പത്രാധിപത്യത്തില്‍ സാധുജന പരിപാലന സംഘത്തിന്റെ മുഖപത്രമായി ”സാധുജനപരിപാലിനി” എന്ന മാസിക പുറത്തിറക്കിയ കഥ ഇന്നും എന്റെ സ്മരണയില്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. ക്രിസ്ത്യന്‍ മിഷ്യണറി പ്രവര്‍ത്തനം നിമിത്തം ചുരുക്കം ചിലരും കൈവിരലിലെണ്ണാന്‍ മാത്രം എഴുത്തും വായനയും അറിയാവുന്ന കുറെ പേരും ഉണ്ടായിരുന്ന കാലത്താണ് അതിന്റെ പുറപ്പാട്. അധഃകൃത ഹിന്ദുക്കളില്‍ എഴുത്തും വായനയും അറിയാവുന്നവരാരുമുണ്ടായിരുന്നില്ലെന്നു ഞാന്‍ കുറിക്കുന്നത് അതിശയോക്തിയല്ല തന്നെ. ചങ്ങനാശ്ശരി പരമേശ്വരന്‍പിള്ള തുടങ്ങിയ ചില നായര്‍ പ്രമുഖരായിരുന്നു സാധുജന പരിപാലിനിയുടെ നടത്തിപ്പുകാര്‍. ഏതായാലും എഴുതാനും വായിക്കാനും വശമില്ലാത്ത ജനതയ്ക്കു വേണ്ടി രംഗത്തു വന്ന ആ ജിഹ്രഹൃസ്വകാല ശേഷം എന്നെന്നേക്കുമായി അന്തര്‍ധാനം ചെയ്തതില്‍ അത്ഭുതപ്പെടേണ്ടതില്ലല്ലോ (ചോതി,1979).” മേലാള വിഭാഗത്തിന്റെ സഹായത്താലാണ് അയ്യങ്കാളി ഈ മാസിക ആരംഭിക്കുന്നത്. ആദ്യ ലക്കത്തില്‍ ആറ് മംഗള ശ്ലോകങ്ങളും, ഒരു നീണ്ട പദ്യവും, മൂന്ന് ലേഖനങ്ങളുമാണുള്ളത് (രാമദാസ്, 2006). അവസാന പേജില്‍ കേരള ഭാരത് വിലാസം പ്രസ്സിന്റെ പരസ്യവുമാണ്.
സാധുജന പരിപാലിനിയുടെ അച്ചടി നിലച്ചതിനു ശേഷം പി.ജെ. ജോസഫിന്റെ പത്രാധിപത്യത്തില്‍ 1919 ല്‍ ‘സാധുജനദൂതന്‍’എന്ന മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചു. കത്തോലിക്കരുടെ ഉടമസ്ഥതയിലുള്ള വി.ജി.പ്രസ്സില്‍ ആണ് പ്രസ്തുത മാസികയുടെ അച്ചടി നിര്‍വഹിച്ചിരിക്കുന്നത് (ചെന്താശ്ശേരി, 1989). എന്നാല്‍ 1922 ലാണ് ‘സാധുജനദൂതന്‍’ പ്രസിദ്ധീകരണം കോട്ടയത്ത് ആരംഭിക്കുന്നത് എന്നാണ് പി.കെ. ചോതിയുടെ എഴുത്തുകളില്‍ നിന്നും നാം മനസ്സിലാക്കുന്നത്. 1923 ല്‍ ഇതിന്റെ പേര് മാറ്റുകയും’ചേരമര്‍ ദൂതന്‍’ എന്ന ദൈ്വവാരികയാക്കുകയും ചെയ്തു. കോട്ടയം തെള്ളകം പള്ളിയിലെ ഉപദേശിയായി സേവനം അനിഷ്ഠിച്ചിരുന്ന പി.ജെ.ജോസഫ് തല്‍സ്ഥാനം ഉപേക്ഷിച്ചിട്ടാണ് ഈ പ്രവര്‍ത്തിലേര്‍പ്പെട്ടത്. 1924-ല്‍ ‘ചേരമര്‍ ദൂതന്‍ പ്രസ്സ്’ എന്നൊരു സ്ഥാപനം പാമ്പാടി ജോണ്‍ ജോസഫിന്റെയും, പി.ജെ ജോസഫിന്റെയും, നേതൃത്വത്തില്‍ ആരംഭിച്ചു. സാമ്പത്തിക പ്രതിസന്ധികളും, മറ്റുള്ളവരുടെ ഉപദ്രവങ്ങളും കാരണം പ്രസ്സ് വില്‍ക്കേണ്ടി വന്നു.
”തിരുവതാംകൂറില്‍ അടിമവ്യാപാരം നിര്‍ത്തിയുള്ള മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവു തിരുമനസ്സിലെ വിളമ്പരം” എന്നത് ചേരമര്‍ ദൂതനിലെ ഒരു ലേഖനമായിരുന്നു. അടിമത്ത നിരോധന നിയമത്തിന്റെ ശരിപകര്‍പ്പും, അനുബന്ധമായി ഒരു അടിമത്തീറോലയുടെ ശരിപകര്‍പ്പും ചേര്‍ത്തിട്ടുണ്ട്. 1922 ല്‍ പ്രജാസഭയില്‍ ചേരമര്‍ സംഘം ജനറല്‍ സെക്രട്ടറി എന്‍.ജോണ്‍ ജോസഫ് അവര്‍കള്‍ സമര്‍പ്പിച്ച നിവേദനമായ ‘പുലയര്‍ എന്ന പേരിനെ മാറ്റി സമുദായത്തിനു സ്വതേയുള്ള ‘ചേരമര്‍’ എന്നാക്കി സമുദായത്തിന്റെ പൂര്‍വ്വചരിത്രം ഗവണ്‍മെന്റു സംരക്ഷിക്കണം’ എന്നതും വി.ജി പ്രസില്‍ നിന്നും ഇറങ്ങിയ ചേരമര്‍ ദൂതനിലുള്ളതാണ്. വി.ജി. പ്രസ്, കോട്ടയം എന്നതിന്റെ പരസ്യവും, അതിനു താഴെ ”ചേരമര്‍ ദൂതന്‍ ചേരമര്‍ സമുദായകാര്യങ്ങളെ കൂലങ്കഷമായി വിമര്‍ശിക്കുന്ന ഏക വര്‍ത്തമാന പത്രം. വരിസംഖ്യ കൊല്ലത്തില്‍ കേവലം രണ്ടു ബ്രിട്ടീഷ് രൂപം മാത്രം. ആവശ്യപ്പെടുന്നവര്‍ പണം മണിയാര്‍ഡര്‍ അയച്ചു അപേക്ഷിക്കണം.’
ഇങ്ങനെയെല്ലാമായിരുന്നു പരസ്യം പിന്നീട് ഇതിന്റെ അച്ചടിയും നിലച്ചു. 1936 ല്‍ കൊച്ചിയിലെ കെ.പി വള്ളോനാണ് അടുത്ത പ്രസിദ്ധീകരണമായി രംഗത്ത് വരുന്നത്. ”കൊച്ചി എം.എല്‍.സിയായിരുന്ന വള്ളോന്‍ തന്റെ നിയമാ സഭാ പ്രവര്‍ത്തനങ്ങളില്‍ കുറച്ച് കാലം വിട്ട് നില്‍ക്കേണ്ടിവന്ന സമയം ചില കരിങ്കലുവേലകളും, സബ് കോണ്‍ട്രാക്റ്റു പണികളും എടുത്ത് നടത്തി സാമ്പത്തിക നില അല്പം മെച്ചപ്പെട്ടപ്പോള്‍ പുതിയ ആശയങ്ങള്‍ക്കും രൂപം നല്‍കി. ധര്‍മ്മ കാഹളം പ്രസ്സില്‍ നിന്നും ”അധഃകൃതന്‍” എന്ന പേരില്‍ ഒരു മാസിക തുടങ്ങി (ചാത്തന്‍ മാസ്റ്റര്‍,1981).
1937 ല്‍ ഇതിന്റെ പേര് ‘ഹരിജന്‍’ എന്നാക്കുകയും, ദൈ്വവാരികയായി പ്രസിദ്ധീകരിക്കാന്‍ കൊച്ചി മഹാരാജാവ് അനുമതിയും നല്‍കി. ശ്രീ.പി.കെ ഡീവര്‍ എന്നയാള്‍ വള്ളോന്‍ എം.എല്‍.സിയെ ഈ മേഖലയില്‍ സഹായിച്ചിരുന്നു. മഹാത്മാഗാന്ധിയുടെ ‘ഹരിജന്‍’ വാരികയില്‍ നിന്നും ലേഖനങ്ങള്‍ മലയാളത്തിലേയ്ക്കു പരിഭാഷപ്പെടുത്തി എല്ലാ ലക്കത്തിലും ചേര്‍ത്തിരുന്നു (കൊച്ചുകുട്ടന്‍,1981). സാമ്പത്തിക ബാധ്യതകള്‍ മൂലം ഇതും നിലച്ചു.
കവിയൂര്‍ കെ.സി തോമസിന്റെ മേല്‍നോട്ടത്തില്‍ കോട്ടയത്തു നിന്നും അച്ചടിച്ചിരുന്ന വാരികയായിരുന്നു ‘പ്രബോധിനി’. ദലിത് ക്രിസ്ത്യന്‍ വിഷയങ്ങളാണ് ഇത് ചര്‍ച്ച ചെയ്തിരുന്നത്. 1949 ല്‍ ഇദ്ദേഹം ഹിന്ദുമതം സ്വീകരിക്കുകയും,കെ.സി രാജ് എന്ന പേരും സ്വീകരിച്ചു. ഇതിനു ശേഷം ഇദ്ദേഹത്തിന്റെ പ്രബോധിനി ഗവണ്‍മെന്റെ് കണ്ടു കെട്ടുകയും ചെയ്തു. പിന്നീട് ‘ധര്‍മ്മ ഭടന്‍’ എന്ന പുതിയ വാരിക ഇദ്ദേഹം ആരംഭിക്കുകയുണ്ടായി. 1800 കോപ്പികള്‍ അച്ചടിച്ചിരുന്നു എന്നാണ് കെ. സി രാജിന്റെ ഒരു പുസ്തകത്തില്‍ അദ്ദേഹം പറയുന്നത് (രാജ്,1966). റ്റി.റ്റി. കേശവന്‍ ശാസ്ത്രിയുടെ ‘കാര്യദര്‍ശി’ കൊട്ടിയം കൃഷ്ണന്റെ ‘ഹരിജന്‍ മിത്രം’, ചാത്തന്നൂര്‍ ചിന്താമണിയുടെ ‘ജലധാര’ തുടങ്ങിയവ മറ്റ് ശ്രദ്ധേയമായ പ്രസിദ്ധീകരണങ്ങളായിരുന്നു.
അധിനിവേശ ആധുനികതയുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് നിലവിലെ സാമൂഹ്യ വ്യവസ്ഥിതിയെ എഴുത്തുകളിലൂടെ ചേദ്യം ചെയ്യാനുള്ള ശ്രമമാണ് ആദ്യകാല ദലിത് മാസികകള്‍ നടത്തുന്നത്. അവരെ സംബന്ധിച്ച് അച്ചടി എന്നത് സാമൂഹ്യ പരിഷ്‌കരണംമായിരുന്നു. ഭൂമി ഇടപാടുകള്‍, നിയമങ്ങളും, അവകാശങ്ങളും തുടങ്ങയവ ദലിതര്‍ക്കിടയില്‍ കൂടുതല്‍ ജനായത്തമാക്കി ‘ആധുനിക പൗരന്‍’ എന്ന സങ്കല്‍പ്പത്തിലേക്ക് ഉയര്‍ത്തി കൊണ്ടു വരുന്നതിനുള്ള ഉപകരണമായിട്ടാണ് ആദ്യകാല മാസികകള്‍ പ്രവര്‍ത്തിച്ചത്.
പ്രസിദ്ധീകരണങ്ങളുടെ കുത്തൊഴുക്ക്
കേരളത്തിന്റെ സംസ്‌കാരിക പരിണാമ പ്രക്രിയയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച അച്ചടിമാധ്യമങ്ങള്‍ സാധ്യമാക്കിയ സംവാദ മണ്ഡലത്തെ ദലിത് വിഭാഗം ക്രിയാത്മകമായ ആശയ വിനിമയ മണ്ഡലമാക്കി തീര്‍ത്തിരുന്നു. ഭാഷ, അച്ചടി തുടങ്ങിയവയില്‍ നൈപുണ്യമുള്ള ഒരു വിഭാഗത്തിന്റെ കടന്നുവരവാണ് ഇതിന്റെ വ്യപ്തി വര്‍ദ്ധിപ്പിച്ചത്. അച്ചടി എന്ന സാമൂഹ്യ പ്രയോഗത്തിലൂടെ നിലവിലുള്ള അവസ്ഥയെ മറികടക്കുന്നതിനായും, പുരോഗതി നേടേണ്ടതിനെ വ്യക്തമാക്കികൊണ്ടുമുള്ള പൊതുബോധത്തിന്റെ വാഹകരും
പ്രചാരകരുമായിരുന്നു ഈ മാസികകള്‍ എല്ലാം തന്നെ. 1950 ല്‍ നെടുങ്കുന്നത്ത് നിന്നും റവ.പി.എല്‍ അസറിയ ഇറക്കിയ ‘ജയകേരളം’, കോട്ടയത്ത് നിന്നും പി.ചാക്കോ 1958 ല്‍ ഇറക്കിയ ‘കര്‍മ്മവീരന്‍’, എസ്.രാജരത്‌നം തിരുവന്തപുരത്തു നിന്നും 1962 ല്‍ ഇറക്കിയ ‘ജനനി’ 1966 ല്‍ മാലിയിലില്‍ രാജന്‍ മാവേലിക്കര കേന്ദ്രമാക്കി നടത്തിയ ‘ജന സന്ദേശം’,പത്തനാപുരത്തു നിന്നും എം.ഡി. ഫിലിപ്പിന്റെ പത്രാധിപത്യത്തില്‍ 1972 ല്‍ ഇറങ്ങിയ ‘ഉദയ കിരണം,’ എലിസബത്ത് ജോണ്‍ 1973 ല്‍ കൊല്ലകടവില്‍ നിന്നും ആരംഭിച്ച ‘പ്രകാശ ഗോളം’, 1967 ല്‍ പോള്‍ ചിറക്കരോടിനെ എഡിറ്ററാക്കി വി.ജെ. സ്റ്റീഫന്‍ തിരുമേനി ഇറക്കിയ ‘നവനാദം’,1973 ല്‍ സ്റ്റീഫന്‍ വട്ടപ്പാറ തിരുവല്ലയില്‍ നിന്നും ഇറക്കിയ ‘കേരളമക്കള്‍’, 1967 ല്‍ കോട്ടയത്ത് നിന്നാരംഭിച്ച ‘ക്രിസ്ത്യന്‍ ബീക്കണ്‍,’ ചെമ്പുതറപാപ്പന്‍ ഇറക്കിയ ‘ദ്രാവിഡ മിത്രം’, ടി.കൃഷ്ണന്റെ ‘ഹരിജന്‍’, പി. ദേവകുമാറിന്റെ ‘നവദീപം’, ജോസഫ് ഇറക്കിയ വിമര്‍ശകന്‍, കൊല്ലം കേശവന്റെ ‘ഹരിജധ്വനി’ തുടങ്ങിയവയെല്ലാം വളരെ സജീവമായിരുന്ന ദലിത് പ്രദിദ്ധീകരണങ്ങളാണ്. 1963 ല്‍ പി.ആര്‍.ഡി.എസ് പ്രസിദ്ധീകരണമായി ആരംഭിച്ച ‘ആദിയാര്‍ ദീപവും’, 1973 ല്‍ സ്റ്റീഫന്‍ വട്ടപ്പാറ ആരംഭിച്ച ‘കേരള മക്കള്‍’ മാസികയും മാത്രമാണ് ഇപ്പോഴും സജീവമായി നില്‍ക്കുന്ന ആദ്യകാല മാസികകള്‍.
ബി.സി.സി.എഫ് സ്ഥാപകനായ വി.ഡി ജോണ്‍ 1973 നവംബര്‍ 1-ാം തീയതി അദ്ദേഹത്തിന്റെ പത്രമായ ‘ജനജീവന്റെ’ പ്രഥമ ലക്കം പ്രകാശനം ചെയ്തു. 1977 ല്‍ ഡോ കെ.സി. ജോസഫിന്റെ രക്ഷാധികാരത്തില്‍ സൂസന്‍ സാം കുറിയനേത്ത് എഡിറ്ററായിരുന്ന ‘കേരളാ ക്രിന്‍സ്ത്യന്‍സ് എന്ന മാസികയാണ് ആ കാലത്തെ ഏറ്റവും ജനകീയമായി തീര്‍ന്ന മാസിക. ഒഴിവു സമയം ചിലവഴിക്കുന്നതിനോ
നേരമ്പോക്കുകള്‍ക്കോ വേണ്ടിയുള്ള വായനാ സംസ്‌ക്കാരമല്ല ദലിത് മാസികകള്‍ വഴി നിര്‍മ്മിക്കപ്പെട്ടത്. നിലവിലുള്ള അച്ചടി മാധ്യമങ്ങളുടെ പ്രതിപക്ഷമായിരുന്നു ഇവയെല്ലാം തന്നെ. അതുമാത്രമല്ല മുഖ്യധാര മാധ്യമങ്ങള്‍ എക്കാലത്തും കീഴാളര്‍ക്കു വേണ്ടി നിരത്തിയ അച്ചുകളുടെ എണ്ണം വളരെ കുറവായിരുന്നു. ഈ കുറവിനെ പരിഹരിക്കുന്നതിനു സ്വന്തമായി പ്രസിദ്ധീകരണം ദലിതര്‍ക്ക് അവശ്യ ഘടകവുമായിരുന്നു. കേരളാ രൂപീകരണാനന്തരം വന്ന പല പരിഷ്‌കാരങ്ങള്‍ക്കും ദലിതരുടെ അവസ്ഥയെ പരിഹരിക്കാന്‍ സാധിക്കുന്നതല്ലാ എന്ന ഒരു ബോധം കൂടി അച്ചടിയുടെ ആരംഭത്തിലേയ്ക്ക് അവരെ കൊണ്ടെത്തിച്ചു. ദലിതരുടെ സാമൂഹ്യ- സാഹിത്യ വാസനകളെ വികസിപ്പിക്കാനുള്ള ഒരു വേദിയായും, അവരുടെ പുതു സമൂഹബോധത്തിന്റെ വിഭാവന ചെയ്യലുകളായും ഈ മാസികകള്‍ മാറിയിരുന്നു.~സ്വന്തം സമുദായത്തിനു വേണ്ടി പോരാടി മാതൃകാജീവിതം നയിച്ച മഹാന്മാരുടെ ജീവിത കഥകള്‍ പുതിയ കാലത്തിനനുസൃതമായി വ്യക്തികളുടെ സ്വഭാവം, സമരമാര്‍ഗ്ഗങ്ങള്‍ രൂപീകരണം തുടങ്ങിയവയ്ക്ക് സഹായകമാകും എന്ന വിശ്വാസത്തില്‍ ചില ദലിത് പ്രസിദ്ധീകരണങ്ങളില്‍ മുന്‍കാല നേതാക്കളുടെ ജീവചരിത്രം അച്ചടിച്ചിരുന്നു. ഇത്തരത്തില്‍ എടുത്തു പറയത്തക്ക ഒന്നാണ് കേരളമക്കളില്‍ 1979 ല്‍ പരമ്പരയായി വന്ന പാമ്പാടി ജോണ്‍ ജോസഫിന്റെ ജീവചരിത്രം.
ക്ഷേത്ര പ്രവേശന വിളംബരവും, സ്വതന്ത്ര്യാനന്തരം നടപ്പിലായ ജാതി അടിസ്ഥാനത്തിലുള്ള സംവരണവും ദലിത് വിഭാഗത്തിന്റെ ഇടയില്‍ ധാരാളം പ്രശ്‌നങ്ങള്‍ക്ക് വഴി തെളിച്ചു. പ്രത്യേകിച്ച് ഹിന്ദു – ക്രിസ്ത്യന്‍ എന്ന വേര്‍തിരിവ് ദളിതരുടെ ഇടയില്‍ ശക്തമായി. സംവരണം നിഷേധിക്കപ്പെട്ട ദലിത് ക്രൈസ്തവരുടെ അവകാശം രാഷ്ട്രത്തിന്റെയും, പൊതുജനത്തിന്റെയും മധ്യത്തില്‍ ഉയര്‍ത്തി കൊണ്ടുവരുന്നതിനുള്ള പ്രധാന ആയുധമായിരുന്നു അവരുടെ മാസികകള്‍ എല്ലാം തന്നെ. അവരുടെ സമരങ്ങളും സംഘര്‍ഷങ്ങളും നടന്നിരുന്നത് ഈ പ്രസിദ്ധീകരണങ്ങള്‍ വഴിയാണ്. ഒരേ സമയം ഭാവനാത്മകവും, വിമര്‍ശനാത്മകവുമായ ഒരു ഇടമാണ് ഇത് നിര്‍മ്മിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍ മിഷന്റെ പ്രവര്‍ത്തന മേഖലയിലെ ദലിത് ക്രൈസ്തവരുടെ ശബ്ദമായിരുന്നു പി.ആര്‍. ലൂയിസിന്റെ ‘മാര്‍ഗ്ഗ രേഖയിലൂടെ’ കേള്‍ക്കപ്പെട്ടത്. വി.ഡി ജോണിന്റെ ജനജീവന്‍, ഡോ.കെ.സി ജോസഫിന്റെ ‘കേരള ക്രിസ്ത്യന്‍സ്’ തുടങ്ങിയവയെല്ലാം ഭരണ ഘടനാപരമായ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പേരാട്ടം നയിച്ച മാസികകളാണ്. തങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ക്ക് ഒന്നും തന്നെ പൊതു ഇടത്തില്‍ സാമൂഹിക പാരായണ പ്രസക്തി ലഭിച്ചിരുന്നില്ല എന്നാണ് പല ദലിത് പ്രസാധകരും പറയുന്നത്. ദലിത് ചരിത്ര- ആനുകാലിക വിഷയങ്ങള്‍ക്ക് മാത്രമല്ല, ദലിതര്‍ നടത്തിയ ചില സാഹിത്യ പ്രസിദ്ധീകരണങ്ങള്‍ക്കും ഈ അയിത്തം നേരിടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് പരസ്യങ്ങളുടെ കാര്യത്തിലാണ് ഇവര്‍ ഏറ്റവും ബുദ്ധിമുട്ടുന്നത്. സാമ്പത്തിക പ്രതിസന്ധിയും, പരസ്യങ്ങളുടെ കുറവും പ്രസിദ്ധീകരണങ്ങളുടെ തകര്‍ച്ചയ്ക്കു കാരണമായിട്ടുണ്ടെന്നാണ് ‘വൈക്കം മെയില്‍’ എന്ന മാസിക നടത്തിയിരുന്ന കെ.ഒ രമാകാന്തന്റെ അഭിപ്രായം. പുതുതായി രൂപം കൊള്ളുന്നതും, പിളര്‍ന്നു രൂപം കൊള്ളുന്നതുമായ എല്ലാ ദലിത് സംഘടനയ്ക്കും ഓരോ മാസിക വീതം ഉണ്ടായിരുന്നു. ഇത്തരം സാഹചര്യത്തില്‍ രൂപം കൊണ്ട വായനാ സമൂഹം എന്നത് സ്വകാര്യ ലോകത്തിലെ വായനമാത്രമാണ് സൃഷ്ടിച്ചത്. തീവ്ര ഇടതുപക്ഷ ആശയ ലോകത്ത് നിന്നിരുന്ന ചില ദലിതര്‍ ജാതീയ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനായി ചില മാസികകള്‍ നടത്തുവാന്‍ തുടങ്ങി. സീഡിയെന്‍, അധസ്ഥിത നവോത്ഥാന മുന്നണി ബുള്ളറ്റിന്‍ തുടങ്ങിയവ ഇത്തരത്തില്‍ ശ്രദ്ധേയമായിരുന്നു. നൂറ് കണക്കിന് പ്രസിദ്ധീകരണങ്ങള്‍ ഇറങ്ങുന്നത് മറ്റൊരു തരത്തില്‍ ഐക്യമില്ലായ്മയാണ് കാരണമെന്നാണ് ചില പ്രസാധകരുടെ നിരീക്ഷണം.
കൂണുകള്‍ പോലെ പൊട്ടിമുളയ്ക്കുന്ന ദലിത് പ്രസിദ്ധീകരണങ്ങള്‍ മാധ്യമ മേഖലയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ദലിതരില്‍ നിന്നും, കീഴെ ത്തട്ടില്‍ നിന്നും ശേഖരിക്കപ്പെടുകയും, അവര്‍ തനിയെ വലിച്ച് പുറത്തിടുന്നതുമായ അവരുടെ എഴുത്തുകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് തള്ളിക്കളയാനാവില്ല. ഇന്നും മുഖ്യധാരാ പ്രസിദ്ധീകരണങ്ങളും, പത്രങ്ങളും അവരുടെ പ്രവര്‍ത്തന മേഖലയില്‍ ദലിത് വിഭാഗത്തെ ഒന്നടങ്കം അകറ്റി നിര്‍ത്തിയിരിക്കുകയാണ്. (ജേണലിസം മേഖലയിലെ ജാതീയ വേര്‍തിരിവിനെ വെളിച്ചത്തു കൊണ്ടുവന്ന ചില പഠനങ്ങള്‍ നിലവിലുണ്ട്. ജെഫ്രി,2004,വേലയുധന്‍,2014) ദലിതവസ്ഥയില്‍ അസ്വസ്ഥരായ ഒരു വിഭാഗത്തിന്റ എഴുത്തുകളാണ് ഇന്നത്തെ മുഖ്യധാരാ മാസികകളില്‍ ദലിത് വിഷയങ്ങള്‍ക്ക് കൃത്യമായ ഒരു ‘ഇടം’ ഉണ്ടാക്കികൊടുത്തത്. അതോടൊപ്പം തന്നെ ശ്രദ്ധേയമാണ് നവ മാധ്യമങ്ങളിലെ ദലിത് സാന്നിധ്യം. ‘ഇടനേരം ബ്ലോഗ്, ഉത്തരകാലം വെബ് പോര്‍ട്ടല്‍ തുടങ്ങിയവ നമവാധ്യമങ്ങളില്‍ ഏറ്റവും അധികം സന്ദര്‍ശകരുള്ള ദലിത് നിര്‍മ്മിത ഇടങ്ങളാണ്. കേന്ദ്രത്തിലെ ഹിന്ദുത്വ ഭരണക്രമത്തിന്റെ വരവോടെ ദലിത് പ്രസിദ്ധീകരണങ്ങളെ സഹായിക്കാമെന്ന വാഗ്ദാനവുമായി ചില വര്‍ഗീയ സംഘടനകള്‍ സമീപിക്കുന്നുണ്ടെന്നാണ് ചില പ്രസാധകരുടെ അനുഭവം വെളിപ്പെടുത്തുന്നത്. അച്ചടി നിന്നുപോയ മാസികയെ ഏറ്റെടുത്തു നടത്താമെന്നുപോലും ചിലര്‍ക്ക് വാഗ്ദാനം ലഭിച്ചിട്ടുണ്ട്. വര്‍ഗ്ഗീയ പിന്തുണയുടെ ഫലമായി ദലിത് ഹിന്ദു-ക്രിസ്ത്യന്‍ വേര്‍തിരിവിന്റെ അതിര്‍ത്തി വിസ്തൃതമായി. സാമ്പ്രദായിക കേരള സമൂഹം കൂടെ നിര്‍ത്തിയില്ല എന്ന മുന്‍ അനുഭവത്തിലും, സാമ്പത്തിക പ്രശ്‌നങ്ങള്‍ മറികടക്കുന്നതിനുമായും ചിലര്‍ അവരുടെ അച്ചടിയെ കാവി ധരിപ്പിച്ചു. ജോണ്‍ സിത്താരയുടെ കെടാ വിളക്ക്, സലിം കുമാറിന്റെ ദലിത്, കാളിദാസന്റെ ദലിതന്‍, വി.സി. സുനിലിന്റെ സൈന്ധവമൊഴി തുടങ്ങിയവ ഇപ്പോള്‍ സജീവ പ്രവര്‍ത്തനം തുടരുന്ന ദളിത് ശബ്ദങ്ങളാണ്. എപ്പോഴും വളരുകയും, പിളരുകയും ചെയ്യുന്ന ദലിത് മാസികകള്‍ നിര്‍മ്മിക്കുന്ന ജ്ഞാന മണ്ഡലത്തിനെ സാമൂഹ്യ- അക്കാദമിക മേഖലയ്ക്ക് തള്ളിക്കളയാനോ,അകറ്റി നിര്‍ത്താനോ ഇനി കഴിയുകയില്ല.
#dalithisses #dalith #keraladalith
Comments
Post a Comment